തിരുവനന്തപുരം: കേരളാ പൊലീസിൻറെ ആയുധശേഖരത്തിൽ നിന്ന് വൻ വെടിക്കോപ്പുകളും ഉണ്ടകളും റൈഫിളുകളും കാണാതായെന്ന കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിൻറെ കണ്ടെത്തലിന് പിന്നാലെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. ഡിജിപി ലോക്നാഥ് ബെഹ്റയെ സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് ഉടൻ മാറ്റണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.വിജിലൻസ് അന്വേഷണം നടത്തിയാൽ സത്യം പുറത്തുവരില്ലെന്ന് പറഞ്ഞ ചെന്നിത്തല ആയുധങ്ങൾ നഷ്ടപ്പെട്ടെന്ന കണ്ടെത്തൽ അതീവ ഗൗരവമുള്ളതാണെന്ന് ചൂണ്ടിക്കാട്ടി. ആയുധം നഷ്ടപ്പെട്ടതിൽ എൻ ഐ എ അന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. മുഖ്യമന്ത്രി അനാവശ്യമായി ഡിജിപിയെ സംരക്ഷിക്കുന്നുവെന്നാരോപിച്ച ചെന്നിത്തല, ഒരു സംസ്ഥാനത്തും ഇല്ലാത്ത സുരക്ഷാപ്രശ്നമാണ് കേരളത്തിൽ ഉടലെടുത്തിരിക്കുന്നതെന്നും ആരോപിച്ചു.
കേരളാ പൊലീസിൻറെ വെടിക്കോപ്പുകളിൽ വൻ കുറവുണ്ടെന്നാണ് സിഎജിയുടെ കണ്ടെത്തൽ. 12,061 വെടിയുണ്ടകളുടെ കുറവാണ് കണ്ടെത്തിയിരിക്കുന്നത്. കാണാതായവയ്ക്ക് പകരം വ്യാജ വെടിയുണ്ടകൾ തിരികെ വെച്ചതായും കണ്ടെത്തി എന്ന് സി. എ. ജി. റിപ്പോർട്ട് സൂചന നൽകുന്നുണ്ട്. സംഭവം മറച്ചു വയ്ക്കാൻ ഉദ്യോഗസ്ഥർ ശ്രമിക്കുകയും ചെയ്തുവത്രേ.തിരുവനന്തപുരം എസ് എ പിയിൽ നിന്ന് മാത്രം 25 റൈഫിളുകൾ കാണാനില്ല. സംസ്ഥാന പൊലീസിൻറെ ആയുധശേഖരത്തിൽ വൻ കുറവ് കണ്ടെത്തിയിട്ടുണ്ടെന്നും എല്ലാ പൊലീസ് സ്റ്റേഷനുകളിലെയും ആയുധശേഖരം പരിശോധിക്കണമെന്നും സി എ ജി ആവശ്യപ്പെടുന്നു. നിയമസഭയിൽ വച്ച സിഎജി റിപ്പോർട്ടിൽ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് എതിരെത്തന്നെ രൂക്ഷമായ, ഗുരുതരമായ കണ്ടെത്തലുകളാണുള്ളത് എന്നാണ് പുറത്തുവരുന്ന വിവരം.