ഭോപാൽ: മധ്യപ്രദേശിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. ഇന്ത്യയിൽ ബലാത്സംഗ കേസുകൾ കൂടി വരികയാണ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയാണ് മൂന്നംഗ സംഘം ബലാത്സംഗം ചെയ്തത്. ഇന്നലെ രാത്രിയിൽ ഖാർഗോൺ ജില്ലയിലാണ് സംഭവം. അക്രമികൾ പെൺകുട്ടിയെ വയലിൽ ഉപേക്ഷിച്ച് രക്ഷപ്പെട്ടു.
പെൺകുട്ടിയുടെ വീട്ടിലെത്തിയ മൂന്നംഗ സംഘം കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടതിനുശേഷം സഹോദരനുമായി വഴക്കുണ്ടാക്കി. പിന്നീട് സഹോദരനെ തള്ളിയിട്ടശേഷം പെൺകുട്ടിയുമായി കടന്നുകളയുകയായിരുന്നു. സഹോദരനും പിതാവും ഇവരെ പിന്തുടർന്നെങ്കിലും കണ്ടെത്താനായില്ല. പിന്നീടാണ് പെൺകുട്ടിയെ വയലിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതികളെ ഉടൻ പിടികൂടുമെന്നും പൊലീസ് ഉറപ്പ് നൽകി. പ്രതികൾക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയെന്നും പൊലീസ് അറിയിച്ചു.