തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് നാല് പ്രതികളുടെ നുണ പരിശോധന നടത്താൻ തീരുമാനം. വിഷ്ണു സോമസുന്ദരം, പ്രകാശ് തമ്പി, അർജുൻ, സോബി എന്നിവരുടെ നുണ പരിശോധനയാണ് നടത്തുന്നത്. ഇതിനായി നാളെ തിരുവനന്തപുരം സിബിഐ കോടതിയിൽ അപേക്ഷ നൽകും.
ബാലഭാസ്കർ ജീവിച്ചിരിക്കുമ്പോൾ തന്നെ സ്വർണക്കടത്ത് തുടങ്ങിയതായാണ് അന്വേഷണ സംഘത്തിന്റെ സംശയം.വിഷ്ണു സോമസുന്ദരം നിരവധി പ്രാവശ്യം ദുബായ് സന്ദർശിച്ചിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. ദുബായിൽ തുടങ്ങിയ ബിസിനസിൽ ഒരു കോടി നിക്ഷേപിച്ചിരുന്നെന്നും 50 ലക്ഷം രൂപ ബാലഭാസ്കർ കടമായി തന്നിരുന്നുവെന്നുമാണ് വിഷ്ണുവിന്റെ മൊഴി.
ദുബായിലെ കമ്പനിയിൽ സ്വർണക്കടത്ത് കേസിലെ കസ്റ്റംസ് സൂപ്രണ്ടിനും നിക്ഷേപമുണ്ട്. ഇയാളുടെ ഭാര്യയുടെ പേരിൽ 20% ഓഹരി നിക്ഷേപമാണ് ഉള്ളത്. സ്വർണ കടത്ത് പിടിച്ചതോടെ കമ്പനിയും തകർന്നു. അടുക്കള ഉപകരണങ്ങൾ വിൽപ്പന നടത്താനായിരുന്നു കമ്പനി തുടങ്ങിയത്.