മദ്യശാലകൾ തുറക്കാൻ അനുമതി; തിയതി പിന്നീട്

സംസ്ഥാനത്തെ മദ്യശാലകൾ തുറക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്ന് മന്ത്രി ടിപി രാമകൃഷ്ണൻ. എന്നാൽ എന്ന് തുറക്കുമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മാത്രമേ തുറക്കാനുള്ള തീയതി തീരുമാനിക്കുകയുള്ളൂവെന്ന് മന്ത്രി വ്യക്തമാക്കി. കൺസ്യൂമർ ഫെഡിന്റെയും ബിവറേജസ് കോർപ്പറേഷന്റെയും കീഴിലുള്ള 301 ഔട്ട്‌ലറ്റുകളും ഒന്നിച്ച് തുറക്കാനുള്ള നിലപാടാണ് സർക്കാരിനുള്ളതെന്നും അദ്ദേഹം പറഞ്ഞു.


സംസ്ഥാനത്തെ മദ്യശാലകളുടെ പ്രവർത്തനത്തിലും മാറ്റം വരും. തിരക്ക് ഒഴിവാക്കാനുള്ള പ്രായോഗിക നടപടികൾ ആലോചിക്കുകയാണ്. ഓൺലൈൻ ബുക്കിംഗ് വഴി ഓർഡർ സ്വീകരിച്ച് ഔട്ട്ലെറ്റ് വഴി മദ്യം വിതരണം ചെയ്യാനാണ് ആലോചിക്കുന്നത്. ബാറിൽ പാഴ്‌സ്‌ലിനായി പ്രത്യേകം കൗണ്ടർ ആരംഭിക്കും. ബാർ ഹോട്ടലുകളിൽ പ്രത്യേകം കൗണ്ടർ സജ്ജീകരിച്ചും മദ്യവിൽപന നടത്താൻ സർക്കാർ ആലോചിക്കുന്നുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു. എന്നാൽ ഇവിടെയൊന്നും ഇരുന്ന് മദ്യം കുടിക്കാൻ അനുവദിക്കില്ല. പാഴ്സലായി വാങ്ങേണ്ട സൗകര്യമാകും ഒരുക്കുക. ബിവറേജ് കോർപറേഷന്റെ വിലയാകണം ബാർ ഹോട്ടലിലും ഈടാക്കേണ്ടത്.

കള്ളു ക്ഷാമം വൈകാതെ പരിഹരിക്കുമെന്നും മന്ത്രി അറിയിച്ചു. കൊവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധി നേരിടാനാണ് മദ്യവില വർധിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *