വിവിധ സംസ്ഥാനങ്ങളിൽനിന്ന് മലയാളികൾക്ക് നാട്ടിലേക്ക് വരാൻ കേന്ദ്ര സർക്കാരിന്റെ പൂർണ പിന്തുണയും ഇടപെടലും ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത് അയച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ.
1,66,263 മലയാളികളാണ് നാട്ടിലേക്ക് വരാനായി നോർക്ക വഴി രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇവരിൽ അഞ്ചിലൊന്ന് ആളുകൾക്കേ സ്വന്തം വാഹനങ്ങളിലോ വാടകയ്ക്കെടുത്തോ നാട്ടിലെത്താൻ കഴിയൂ. മറ്റുള്ളവർക്ക് ഗതാഗതസൗകര്യം ഒരുക്കിയില്ലെങ്കിൽ തിരിച്ചെത്താൻ പ്രയാസമാണ്്.
കർണാടകം, തമിഴ്നാട്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് രജിസ്റ്റർ ചെയ്തവരിൽ കൂടുതൽ. ഇതുവരെ 28,272 പേരാണ് പാസിന് അപേക്ഷിച്ചിട്ടുള്ളത്. 5470 പാസ് വിതരണം ചെയ്തു. അതിർത്തിയിലെ തിരക്ക് ഒഴിവാക്കാനുള്ള ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്.
കേരളത്തിൽനിന്ന് ഇതുവരെ 13,818 അതിഥി തൊഴിലാളികളാണ് സ്വന്തം സംസ്ഥാനങ്ങളിലേക്ക് പോയത്. ശാരീരിക അകലവും മറ്റ് സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് വിവിധ സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് പ്രത്യേക നോൺ സ്റ്റോപ്പ് ട്രെയിനുകൾ അനുവദിക്കണമെന്നും പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
നോർക്ക പോർട്ടലിൽ രജിസ്റ്റർ ചെയ്തവർ അതിൽ ലഭിക്കുന്ന രജിസ്റ്റർ നമ്പർ ഉപയോഗിച്ച് കോവിഡ് 19 ജാഗ്രതാ പോർട്ടൽ വഴി ബന്ധപ്പെട്ട ജില്ലാ കലക്ടറിൽനിന്ന് യാത്രാനുമതി വാങ്ങണം. ഗ്രൂപ്പുകളായി വരാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഇതുവരെ രജിസ്റ്റർ ചെയ്യാത്തവർക്ക് ഇനിയും അവസരമുണ്ട്. സംസ്ഥാനത്ത് പ്രവേശിക്കുന്ന ചെക്ക്പോസ്റ്റ്, എത്തുന്ന തീയതിയും സമയവും രേഖപ്പെടുത്തി അപേക്ഷ നൽകണം.
കലക്ടർമാർ അനുവദിക്കുന്ന പാസ് മൊബൈൽ-ഇമെയിൽ വഴിയാണ് നൽകുക. ഏതു സംസ്ഥാനത്തു നിന്നാണോ യാത്ര തിരിക്കുന്നത് അവിടെനിന്നുള്ള അനുമതിയും സ്ക്രീനിങ് വേണമെങ്കിൽ അതും യാത്ര തിരിക്കുന്നതിനു മുമ്പ് ഉറപ്പാക്കണം. നിർദിഷ്ട സമയത്ത് ചെക്ക്പോസ്റ്റിലെത്തിയാൽ പാസ് കാണിച്ച് ആവശ്യമായ വൈദ്യപരിശോധനയ്ക്കുശേഷം സംസ്ഥാനത്തേക്ക് കടക്കാം.
മറ്റു സംസ്ഥാനങ്ങളിൽ കുടുങ്ങിയ കുട്ടികളെയോ ഭാര്യാ ഭർത്താക്കൻമാരെയോ മാതാപിതാക്കളെയോ കൂട്ടിക്കൊണ്ടുവരാൻ അങ്ങോട്ട് യാത്ര ചെയ്യേണ്ടിവരുന്നെങ്കിൽ ബന്ധപ്പെട്ട സംസ്ഥാനങ്ങളുടെ അനുമതി ആവശ്യമാണ്. അതോടൊപ്പം അവരുടെ സ്വന്തം ജില്ലാ കലക്ടർമാരിൽനിന്ന് പാസ് വാങ്ങണം.