ഇടുക്കി: മഴക്കാലത്തിനു മുന്നോടിയായി ദുരന്തനിവാരണ കരുതല്‍ നടപടികള്‍ ഊര്‍ജിതമാക്കും. ഇതു സംബന്ധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍ ജില്ലയിലെ തഹസില്‍ദാര്‍മാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ വിലയിരുത്തി. ഇത്തവണയും വലിയ മഴ പ്രതീ്ക്ഷിച്ചുകൊണ്ടുള്ള മുന്നൊരുക്കങ്ങളാണ് സ്വീകരിക്കുന്നത്. അണക്കെട്ടുകളില്‍ കഴിഞ്ഞവര്‍ഷത്തേക്കാള്‍ പത്തുശതമാനം വെള്ളം കൂടുതലുണ്ട്. ഇടുക്കിയില്‍ പ്രത്യേകിച്ചും. മുന്‍കരുതലെന്ന നിലയില്‍ ഡാമുകള്‍ തുറന്നുവിടേണ്ടി വരുകയാണെങ്കില്‍ ഒഴിപ്പിക്കേണ്ടവരുടെ പട്ടിക തയാറാക്കി വരുകയാണ്. പ്രശ്‌നബാധിത വില്ലേജുകളെ വേര്‍തിരിച്ചുള്ള പട്ടികയാണ് തയാറാക്കുന്നതെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. മാറ്റിപ്പാര്‍പ്പിക്കുന്നവര്‍ക്കായി ക്യാമ്പുകള്‍ തുറക്കുന്നതിന് ഇടങ്ങളും കണ്ടെത്താന്‍ നടപടികള്‍ സ്വീകരിച്ചുവരുന്നു. പ്രായമായവര്‍, രോഗലക്ഷണങ്ങളുളളവര്‍, പൊതുവിഭാഗം, വീടു നഷ്ടപ്പെടുന്നവര്‍ തുടങ്ങി വിവിധ വിഭാഗങ്ങളില്‍പ്പെടുന്നവരെ താമസിപ്പിക്കേണ്ടിവരും. പഞ്ചായത്ത് തലത്തില്‍ കൂടുതല്‍ താമസസൗകര്യങ്ങള്‍ ഇതിനായി വേണ്ടിവരും.
പ്രളയം കൂടാതെ മണ്ണിടിച്ചില്‍ ഭീഷണിയില്‍ കഴിയുന്നവര്‍, വലിയകല്ലുകളുടെ ഭീഷണി ഉള്ളവര്‍, വീടുകള്‍ നിര്‍മാണം പൂര്‍ത്തിയാകാത്തവര്‍, ഭൗമശാസ്ത്ര വിഭാഗത്തിന്റെ പട്ടികയിലുള്ളവര്‍ തുടങ്ങിയവരെയും മാറ്റിപ്പാര്‍പ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ജില്ലാ കളക്ടര്‍ തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ താലൂക്ക് ഏകോപന ചുമതല തഹസില്‍ദാര്‍ക്കാണ്. അഞ്ച് താലൂക്കുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ സജ്ജമായിക്കൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ മഴക്കാലത്ത് തകര്‍ന്നുപോയ 2058 വീടുകളില്‍ 1853 വീടുകളും പൂര്‍ത്തിയായിക്കഴിഞ്ഞു. സാങ്കേതികകാരണങ്ങളാലാണ് ബാക്കിയുള്ള വീടുകളുടെ നിര്‍മാണം വൈകുന്നത്. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി രൂപം നല്‍കിയിട്ടുള്ള സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് അഗ്‌നിശമന രക്ഷാ സേനയുടെ നേതൃത്വത്തില്‍ പരിശീലനം നല്‍കിവരുന്നു. അത്യാവശ്യ ഘട്ടങ്ങളില്‍ ഉപയോഗിക്കുന്നതിന് മണ്ണുമാന്തി യന്ത്രങ്ങള്‍ ഉള്‍പ്പെടെ വാഹനങ്ങളും ഉപകരണങ്ങളും മറ്റും പൊലീസിന്റെ സഹായത്തോടെ തയാറാക്കിവയ്ക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി.