അധ്യാപക ദമ്പതികളുടെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്. നിലമ്പൂർ കരുളായി ശ്രീലകം വീട്ടിലെ പി.കെ ശ്രീകുമാറും ഭാര്യ എൻ ലാജിയുമാണ് ഇരുവരുടെയും ഒരു മാസത്തെ ശമ്പളമായ 1,20,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. കരുളായി പുളളിയിൽ ഗവൺമെന്റ് യു.പി സ്കൂൾ അധ്യാപകനായ ശ്രീകുമാറും കരുളായി കെ.എം ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പലായ ലാജിയും ജില്ലാ കലക്ടർ ജാഫർ മലികിനെ സമീപിച്ച് ഇന്നലെ (മെയ് നാല്) തുക കൈമാറുകയായിരുന്നു. 2018ലെ പ്രളയകാലത്ത് ഇരുവരും സാലറി ചലഞ്ചിലും പങ്കെടുത്തിരുന്നു. കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയായ ശ്രീകുമാർ കരുളായി പാലിയേറ്റീവ് അസോസിയേഷൻ പ്രസിഡന്റാണ്. കരുളായി വായനശാല ജോയിന്റ് സെക്രട്ടറി, ശാസ്ത്രസാഹിത്യ പരിഷത്ത് മേഖല വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിക്കുന്നു. ലാജി തൊടുപുഴ സ്വദേശിയാണ്. ദേവിക (എം.സി.ജെ വിദ്യാർത്ഥിനി) നന്ദകിഷോർ (ബിരുദ വിദ്യാർത്ഥി) എന്നിവർ മക്കളാണ്.