കോവിഡ് 19നെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ലോക്ക്ഡൗൺ നീളുന്ന സാഹചര്യത്തിൽ കൂടുതൽ പ്രതിസന്ധിയിലായ ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ മോട്ടോർ തൊഴിലാളികൾക്ക് സൗജന്യമായി ധനസഹായം നൽകുവാൻ ബോർഡ് തീരുമാനിച്ചു. ബസ്, ഗുഡ്സ്, ടാക്സി, ഓട്ടോ തൊഴിലാളികൾക്ക് 5000, 3500, 2500, 2000 രൂപ നിരക്കിലും 1991ലെ ഓട്ടോറിക്ഷ പദ്ധതിയിലുൾപ്പെട്ട തൊഴിലാളികൾക്ക് 2000 രൂപ നിരക്കിലും 2004ലെ ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് തൊഴിലാളികൾക്ക് 1000 രൂപ നിരക്കിലുമാണ് ധനസഹായം നൽകുന്നത്.
അനിശ്ചിതമായി തുടരുന്ന പ്രതിസന്ധി കണക്കിലെടുത്താണ് മുമ്പ് പ്രഖ്യാപിച്ച തിരിച്ചടയ്ക്കേണ്ടാത്ത വായ്പയ്ക്ക് പകരമായി തികച്ചും സൗജന്യ ധനസഹായം പ്രഖ്യാപിച്ചത്. നിലവിൽ തിരിച്ചടയ്ക്കേണ്ടാത്ത വായ്പ അനുവദിക്കപ്പെട്ടവർക്കും ഇതിനകം വായ്പയ്ക്ക് അപേക്ഷിച്ചവർക്കും തുക സൗജന്യമായി അനുവദിച്ചതായി പരിഗണിക്കപ്പെടും. അതിനാൽ വായ്പ ഇനത്തിൽ തുക കൈപ്പറ്റിയവരും വായ്പയ്ക്കായി അപേക്ഷച്ചവരും വീണ്ടും അപേക്ഷിക്കേണ്ടതില്ല. നാളിതുവരെ അപേക്ഷിച്ചിട്ടില്ലാത്ത അംഗങ്ങൾ അപേക്ഷാഫോറം ഡൗൺലോഡ് ചെയ്യുന്നതിനും കൂടുതൽ വിവരത്തിനും www.kmtwwfb.org എന്ന വെബ്സൈറ്റ് സന്ദർശിക്കണമെന്ന് ബോർഡ് ചെയർമാൻ അഡ്വ.എം.എസ്.സ്‌കറിയ അറിയിച്ചു.