കൊച്ചി: യുവാവിനെ നാടന്‍ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഗൂണ്ടാ സംഘത്തെ പൊലീസ് പിടികൂടി. പെരുമ്പാവൂര്‍ സ്വദേശികളായ കൊമ്പനാട് ക്രാരിയേലി മാങ്കുഴി വീട്ടില്‍ ലാലു (25), കാലടി മാണിക്കമംഗലം തറിക്കുടത്ത് വീട്ടില്‍ ശ്യാം (33) , വേങ്ങൂര്‍ തുരുത്തി കാവിംകുടി വീട്ടില്‍ വിഷ്ണു (24), വേങ്ങൂര്‍ മുടക്കുഴ മറ്റേപ്പാടന്‍ വീട്ടില്‍ ലിയോ (26) എന്നിവരെയാണ് റൂറല്‍ ജില്ലാ പൊലീസ് മേധാവി കെ കാര്‍ത്തിക് ഐപിഎസിന്റെ നേതൃത്യത്തിലുള്ള പ്രത്യേക സംഘം പിടികൂടിയത്.
യുവാക്കളില്‍ നിന്ന് മാരകായുധങ്ങളും നാടന്‍ ബോംബും പിടിച്ചെടുത്തു. മല്‍പ്പിടുത്തത്തിലൂടെയാണ് പൊലീസ് ഗൂണ്ടാ സംഘത്തെ കീഴ്പ്പെടുത്തിയത്. യുവാക്കള്‍ ഇടുക്കിയിലേക്ക് കടക്കാന്‍ തയാറെടുക്കുന്നതിന് ഇടയിലായിരുന്നു പൊലീസ് നീക്കം. എതിര് ചേരിയില്‍പ്പെട്ട യുവാവിനെ അനുരഞ്ജന ചര്‍ച്ചയ്ക്ക് വിളിച്ച് വരുത്തിയാണ് സംഘം നാടന്‍ ബോംബെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ യുവാവ് ചികിത്സയില്‍ കഴിയുകയാണ്. പിന്നീട് ഒളിവിലായിരുന്ന സംഘം കോതമംഗലം പാലമറ്റത്തെ ഒരു റിസോര്‍ട്ടിലുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു പൊലീസ് റെയ്ഡ്.