ന്യൂഡല്‍ഹി : രാജ്യത്തെ ജനപ്രിയ മുഖ്യമന്ത്രിമാരുടെ പട്ടികയില്‍ കേരളാ മുഖ്യമന്ത്രി പിണറായി വിജയന് മൂന്നാം സ്ഥാനത്ത്. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെയും പ്രധാനമന്ത്രിയുടെയും ജനപ്രീതി അറിയാന്‍ ടൈംസ് ഓഫ് ഇന്ത്യ സീ വോട്ടറുമായി ചേര്‍ന്ന് നടത്തിയ സര്‍വേയിലാണ് നവീന്‍ പട്നായിക്, ഭൂപേഷ് ബാഗല് എന്നിവര്‍ക്ക് നേരിയ വ്യത്യാസത്തില്‍ മാത്രം പിന്നിലായി പിണറായി ആദ്യ മൂന്നില്‍ ഇടം പിടിച്ചത്.
ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കാണ് ജനപ്രീതിയുള്ള മുഖ്യമന്ത്രിമാരുടെ പട്ടികയില്‍ മുന്നില്‍. സര്‍വേയില്‍ പങ്കെടുത്ത 82.96 ശതമാനം ഒഡീഷക്കാരും മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനത്തിന് പിന്തുണ നല്കി. ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല് ജനപ്രീതിയില്‍ രണ്ടാമതെത്തി. 81.06 ശതമാനം പേരും ബാഗലിനെ പിന്തുണച്ചു. കേരള മുഖ്യമന്ത്രി പിണറായി വിജയനാണ് പട്ടികയില്‍ മൂന്നാമത്. 80.28 പേര് പിണറായി വിജയന്റെ പ്രവര്‍ത്തനത്തില്‍ സംതൃപ്തി അറിയിച്ചു.