പെട്ടിമുടിയിൽ ഒരു ഗർഭിണിയുടേതടക്കം മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു

രാജമല: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ പെട്ടിമുടിയിൽ കാണാതായവർക്കായി തിരച്ചിൽ തുടരുന്നതിനിടയിൽ ഇന്ന് ഒരു ഗർഭിണിയുടേതടക്കം മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു.കൗശിക (15) ശിവരഞ്ജിനി (15), മുത്തുലക്ഷ്മി (26) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇതിൽ മരണപ്പെട്ട മുത്തു ലക്ഷ്മി ഗർഭിണിയായിരുന്നു. ഇതോടെ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 65 ആയി. ദുരന്തഭൂമിക്ക് സമീപത്തു നിന്നും കിലോമീറ്ററോളം ദുരത്തുള്ള ഭൂതക്കുഴി ഭാഗത്തു നിന്നുമാണ് രണ്ടു മൃതദേഹങ്ങൾ കണ്ടെടുത്തത്. തുടർച്ചയായ പതിനാലാം ദിവസമാണ് പെട്ടിമുടിയിൽ ദുരന്തത്തിൽ അകപ്പെട്ടവർക്കായി തിരച്ചിൽ നടത്തിയത്. റെഡാർ സംവിധാനം പ്രയോജനപ്പെടുത്തിയായിരുന്നു തിരച്ചിൽ. ട്രിച്ചി ഭാരതി ദാസൻ യൂണിവേഴ്സിറ്റി ഡിപ്പാർട്ട്മെന്റ് ഓഫ് ജോഗ്രഫി സ്‌കൂൾ ഓഫ് എർത്ത് സയൻസിലെ നാലംഗ സംഘത്തിന്റെ സേവനം കഴിഞ്ഞ മൂന്നു ദിവസമായി റഡാർ പരിശോധനക്ക് പ്രയോജനപ്പെടുത്തുന്നുണ്ട്.

അതേസമയം ദുരന്തത്തിൽ അകപ്പെട്ട അഞ്ചു പേരെ കൂടി ഇനി കണ്ടെത്താനുണ്ട്. എൻ.ഡി.ആർ.എഫ്, ഫയർഫോഴ്സ്, പൊലീസ്, വനംവകുപ്പ് തുടങ്ങിയ സേനകളും തിരച്ചിൽ പ്രവർത്തനങ്ങളുമായി മുമ്പോട്ട് പോകുന്നു. മൂന്നാർ ഗ്രാമപഞ്ചായത്തിന്റെ എമർജൻസി റെസ്പോൺസ് ടീമും തിരച്ചിലിൽ പങ്കാളിത്തം വഹിക്കുന്നുണ്ട്. ദുർഘടമായ ഭൂതക്കുഴി ഭാഗത്തെ തിരച്ചിൽ ജോലികൾക്ക് പഞ്ചായത്തിന്റെ എമർജൻസി റെസ്പോൺസ് ടീമിന്റെ സാന്നിധ്യം ഏറെ സഹായകരമായി. പുലിയുടേതടക്കമുള്ള വന്യജീവി സാന്നിധ്യം ഈ മേഖലയിലെ തിരച്ചിൽ ജോലികൾക്ക് വെല്ലുവിളി ഉയർത്തുന്നുണ്ട്. പ്രദേശവാസികളുടെ സഹായവും തിരച്ചിൽ ജോലികൾക്ക് കരുത്ത് പകരുന്നു. കാണാതായവർക്കായുള്ള തിരച്ചിൽ ജോലികൾ ഊർജിതമായി മുമ്പോട്ട് കൊണ്ടു പോകുമെന്ന് ദേവികുളം എം.എൽ.എ എസ്. രാജേന്ദ്രൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *