തിരുവനന്തപുരം: പ്രധാനമന്തി മുഖ്യമന്ത്രിമാരുമായി നടത്തുന്ന അഞ്ചാമത് വീഡിയോ കോൺഫറൻസ് ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് നടത്തും. ലോക്ക് ഡൌൺ നീട്ടേണ്ടതില്ലെന്ന നിലപാടായിരിക്കും സംസ്ഥാനം സ്വീകരിക്കുക. തീവ്രബാധിത മേഖലകളിൽ കർശന നിയന്ത്രണം തുടരുന്നതിനൊപ്പം ഗ്രീൻ, ഓറഞ്ച് സോണുകളിൽ കൂടുതൽ ഇളവ് അനുവദിക്കുന്നത് പരിഗണനയിലുണ്ട്.
രോഗവ്യാപനത്തിൻറെ തോതനുസരിച്ച് മേഖലകൾ തിരിച്ച് നിയന്ത്രണം ഏർപ്പെടുത്തിയാൽ മതിയെന്നാണ് സംസ്ഥാനത്തിൻറെ അഭിപ്രായം. പൊതു ഗതാഗതം പുനരാരംഭിക്കണമെന്നതടക്കമുള്ള ആവശ്യം മുന്നോട്ട് വച്ചേക്കും. ജനജീവിതം സാധാരണ നിലയിലാക്കാൻ വേണ്ടിയുള്ള ഇളവുകൾ വേണമെന്നാവശ്യവും സംസ്ഥാനം മുന്നോട്ട് വയ്ക്കും. സാഹചര്യം പരിഗണിച്ച് കൂടുതൽ ഇളവുകൾ നൽകുന്ന കാര്യത്തിൽ സംസ്ഥാന സർക്കാരിന് കൂടുതൽ അധികാരം നൽകണമെന്നാവശ്യവും കേരളം മുന്നോട്ട് വച്ചേക്കും.
മൂന്നാംഘട്ട ലോക് ഡൗൺ മേയ് 17ന് അവസാനിക്കും. രാജ്യമാകെ ഒരേ സ്വഭാവത്തിൽ ലോക്ഡൗൺ തുടരാൻ കഴിയില്ലെന്നാണ് സർക്കാരിന് മുന്നിലുള്ള നിർദേശം. സാമ്പത്തിക മേഖലയ്ക്ക് ഉണർവേകുന്ന വിധത്തിലുള്ള ഇളവുകൾ വേണമെന്ന് ചീഫ് സെക്രട്ടറിമാർ കാബിനറ്റ് സെക്രട്ടറിയെ അറിയിച്ചിട്ടുണ്ട്. ആഭ്യന്തര വിമാന സർവീസ് വൈകാതെ ആരംഭിക്കണമെന്ന നിലപാടിലാണ് വ്യോമയാനമന്ത്രാലയം. ട്രെയിൻ സർവീസുകൾ നാളെ മുതൽ ഘട്ടംഘട്ടമായി പുന:രാരംഭിക്കാൻ റെയിൽവേ മന്ത്രാലയം തീരുമാനിച്ചു കഴിഞ്ഞു.
രാജ്യത്തെ രോഗബാധയുടെ അമ്പത്് ശതമാനമുള്ള ഡൽഹി, പൂന്നെ, മുംബൈ്, അഹമ്മദാബാദ്, ചെന്നൈ നഗരങ്ങളിൽ കർശന നിയന്ത്രണം തുടരും. രണ്ടാം സ്ാമ്പത്തിക ഉത്തേജന പാക്കേജ്, അന്യസംസ്ഥാന തൊഴിലാളികളുടെയും പ്രവാസികളുടെയും മടക്കം എന്നിവയുടെ കാര്യത്തിലും തീരുമാനമുണ്ടാകേണ്ടതുണ്ട്.