കേരളത്തിൽ സ്ത്രീകൾക്കെതിരായ അക്രമങ്ങൾ അന്വേഷിക്കുന്നതിനും പരിഹരിക്കുന്നതിനായി കേരള വുമൺ കമ്മീഷൻ ആക്ട് 1990 , സെക്ഷൻ 5 അനുസരിച്ചു 1996 മാർച്ച് 14 നു സ്ഥാപിതമായ നിയമസ്ഥാപനമാണ് കേരള വനിതാ കമ്മീഷൻ. സ്ത്രീകൾക്കെതിരായ അക്രമങ്ങൾ അന്വേഷിക്കാനും പരിഹരിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കാനും സ്ത്രീകളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുവേണ്ട നടപടികൾക്കായി സംസ്ഥാന സർക്കാരിനോട് ശുപാർശ ചെയ്യാനും വനിതാ കമ്മീഷന് അധികാരമുണ്ട്. പ്രശസ്ത കവയിത്രി സുഗതകുമാരിയായിരുന്നു വനിതാ കമ്മീഷന്റെ ആദ്യ ചെയർപേഴ്സൺ . ശ്രീമതി. എം. സി. ജോസഫയ്നാണ് ഇപ്പോഴത്തെ ചെയർപേഴ്സൺ. ചെയർപേഴ്സൺ കൂടാതെ 3 അ ംഗങ്ങളും 2 എക്സ്-ഒഫിഷ്യോ അംഗങ്ങളും ചേർന്നതാണ് കേരള വനിതാ കമ്മീഷൻ. ശാരീരികമായും മാനസികമായും പീഡനം അനുഭവിക്കുന്നവർക്കും, ലൈംഗികാതിക്രമങ്ങൾക്കിരയാകുന്നതുമായ ഏതൊരു സ്ത്രീക്കും വനിതാ കമ്മീഷനെ ആശ്രയിക്കാം. ഒരു വെള്ളപേപ്പറിൽ പരാതിക്കാരിയുടെയും അക്രമിയുടെയും പൂർണ്ണമേൽവിലാസം സഹിതം പരാതികൾ എഴുതിനൽകുകയോ, കമ്മീഷന്റെ വെബ്സൈറ്റിലൂടെ നൽകുകയോ ചെയ്യാം. സിവിൽ സ്വഭാവമുള്ള പരാതികളും വിവാഹമോചനത്തിനായുള്ള പരാതികളും വനിതാ കമ്മീഷൻ പരിഗണിക്കുന്നതല്ല. ജില്ലകൾ തോറും നടത്തുന്ന അദാലത്തുകൾ വഴിയാണ് വനിതാ കമ്മിഷൻ പരാതികൾ തീർപ്പാക്കുന്നത്. പരാതിക്കാരെയും എതിർകക്ഷികളെയും ഒരുമിച്ചു വിളിപ്പിച്ചു ഇരുഭാഗത്തിനും പറയാനുള്ളത് കേട്ടശേഷം വേണ്ട തീരുമാനങ്ങൾ എടുക്കുകയാണ് അദാലത്തിൽ ചെയ്യുന്നത്. ലൈംഗികാതിക്രമങ്ങളിലും മറ്റും മാനസികമായി തളർന്നുപോയ സ്ത്രീകൾക്ക് കൗൺസിലിങ് ഏർപ്പെടുത്തുക, വീടുകളിലേക്ക് തിരിച്ചുപോകാനാവാത്ത സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി താൽക്കാലിക താമസസൗകര്യങ്ങൾ ഏർപ്പെടുത്തുക, ഇരകളായ സ്ത്രീകൾക്ക് ആവശ്യമായ ധനസഹായം ലഭ്യമാക്കാൻ സർക്കാരിനോട് ശുപാർശ ചെയ്യുക എന്നിവയും വനിതാ കമ്മീഷന്റെ അധികാരങ്ങളാണ്. സ്ത്രീകളുടെ സാമൂഹികനില മെച്ചപ്പെടുത്താനും കമ്മീഷന് ഉത്തരവാദിത്വമുണ്ട്. അതിനായി സംസ്ഥാന പൊതുസ്ഥാപനങ്ങളിൽ സ്ത്രീകൾക്ക് തുല്യ അവസരം ഉറപ്പാക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കാൻ സർക്കാരിനോട് ശുപാർശ ചെയ്യാനും വനിതാ കമ്മീഷന് അധികാരമുണ്ട്.
കമ്മീഷൻ പ്രവർത്തനങ്ങൾ
സ്ത്രീകൾക്കെതിരായ നീതിരഹിതമായ ഏതൊരു നടപടിയേയും കുറിച്ച് അന്വേഷിച്ച് അതിന്മേൽ തീരുമാനമെടുക്കുകയും സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് സർക്കാറിൽ റിപ്പോർട്ട് കൊടുക്കുക ചെയ്യുക. നിലവിലുള്ള നിയമത്തിൽ സ്ത്രീകൾക്കെതിരെയുള്ള പഴുതുകളും കുറവുകളും നേരിടുവാനായി നിയമ നിർമ്മാണ നടപടികളെ സംബന്ധിച്ച വാർഷിക റിപ്പോർട്ട് സമർപ്പിക്കുക. സ്ത്രീകളെ സംബന്ധിച്ച് നിലവിലുള്ള നിയമത്തിലെ പോരായ്മകൾ പരിശോധിച്ച് സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് സർക്കാറിനു ശുപാർശ ചെയ്യുക. സ്ത്രീകൾക്കെതിരെയുള്ള നീതിരഹിത പരാതികളിൽ അന്വേഷണത്തിനായി ജയിൽ, പോലീസ് സ്റ്റേഷൻ, ലോക്കപ്പ്, റസ്ക്യൂ ഹോം, ഹോസ്റ്റൽ തുടങ്ങിയവ സ്ഥലങ്ങളിലും സ്ത്രീകൾക്കെതിരെ നീതി നിഷേധിക്കപ്പെട്ടുവെന്ന് പരാതി കിട്ടിയ മറ്റു സ്ഥലങ്ങളിലും കമ്മീഷൻ ഡയറക്ടറോ കമ്മീഷൻ ചുമതലപ്പെടുത്തുന്ന മറ്റേതെങ്കിലും ഉദ്യോഗസ്ഥനോ അന്വേഷണം നടത്തി കാരണം കണ്ടെത്തുകയും സ്ത്രീകൾക്കെതിരെ അതിക്രമം നടന്ന സ്ഥലങ്ങളിൽ സ്ത്രീകളുടെ അവസ്ഥയെപ്പറ്റി കൂടുതൽ അന്വേഷണം വേണ്ട നടപടികൾ സ്വീകരിക്കുവാൻ സർക്കാരിനോട് റിപ്പോർട്ട് നൽകുകയും ചെയ്യുക.
സംസ്ഥാന പബ്ലിക്ക് സർവ്വീസ് കമ്മീഷനും പൊതുമേഖലാ സ്ഥാപനങ്ങളിലും നടക്കുന്ന നിയമനങ്ങളിലും സ്ഥാനക്കയറ്റങ്ങളിലും തുല്ല്യത ഉറപ്പുവരുത്തുന്നതിനുള്ള നിയമനത്തെ സംബന്ധിക്കുന്ന നിയമങ്ങളും ചട്ടങ്ങളും സൂക്ഷ്മമായി പരിശോധിക്കുകയും ഭേദഗതികൾ ആവശ്യമുള്ളിടത്ത് വേണ്ടമാറ്റം വരുത്തുവാൻ സർക്കാരിന് ശുപാർശ നൽകുകയും ചെയ്യുക. സ്ത്രീകളുടെ അവകാശങ്ങളും താൽപ്പര്യങ്ങളും സംരക്ഷിക്കുന്നതിൽ ഒരു സർക്കാർ ഉദ്യോഗസ്ഥൻ വീഴ്ച്ച വരുത്തുകയോ ഔദ്യോഗിക കൃത്യവിലോപമോ നടത്തിയതായി കമ്മീഷന് ബോദ്ധ്യപ്പെടുന്ന കേസ്സുകളിൽ ആ വ്യക്തിക്കെതിരെ അച്ചടക്കനടപടികൾ സ്വീകരിക്കുന്നതിന് സ്ഥാപനത്തിന്റെ മേലധികാരികൾക്ക് വേണ്ട നിർദ്ദേശം നൽകുക.
വനിതകൾ നേരിടുന്ന വിവിധതരം പ്രശ്നങ്ങൾക്കും ദുരിതങ്ങൾക്കും ആശ്വാസമേകുന്ന തരത്തിൽ വിവിധ ക്ഷേമപദ്ധതികൾ നടപ്പിലാക്കാൻ സർക്കാരിനോട് ശുപാർശ ചെയ്യുക.
സ്ത്രീകൾക്ക് വേണ്ടിയുള്ള നിയമങ്ങൾ ലംഘിക്കപ്പെടുന്ന സാഹചര്യങ്ങളിൽ പ്രതിക്ക് നിയമാനുസൃതമുള്ള ശിക്ഷ ലഭിക്കുവാൻ പ്രോസിക്ക്യൂഷൻ പോലുള്ള നടപടികൾക്ക് ബന്ധപ്പെട്ട അധികാരിക്ക് ശുപാർശ നൽകുവാൻ ഡയറക്ടർക്ക് അധികാരം നൽകുക.
വനിതകളുടെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ നിലവാരത്തെക്കുറിച്ചുള്ള വിവരങ്ങളുടെ ശേഖരം കാത്തുസൂക്ഷിക്കുകയും സ്ത്രീകളുടെ അവകാശങ്ങളുടെ സമർത്ഥനത്തിനു വേണ്ടി കാലിക പ്രസക്തിയോടുകൂടി അവ പുതുക്കി സൂക്ഷിക്കേണ്ടതുമാണ്. സമൂഹത്തിൽ സ്ത്രീകൾക്കു നേരെ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ചും വേർതിരിവിനെക്കുറിച്ച് പഠനങ്ങളും അന്വേഷണങ്ങളും നടത്തി അവയ്ക്കുള്ള പരിഹാരമാർഗ്ഗങ്ങൾ നടത്തി ശുപാർശ ചെയ്യുക. സ്ത്രീകളുടെ സാമൂഹ്യ-സാമ്പത്തിക വികസനത്തിന് വേണ്ടിയുള്ള പദ്ധതികളുടെ ആസൂത്രണ പ്രക്രിയയിൽ പങ്കുചേരുക.
ദുരിതങ്ങളും പ്രയാസങ്ങളും അനുഭവിക്കുന്ന സ്ത്രീകൾക്ക് കമ്മീഷൻ സാമ്പത്തിക സഹായം നൽകാറുണ്ട്. കമ്മീഷന്റെ ദുരിതാശ്വാസഫണ്ടിൽ നിന്നുമാണ് ധനസഹായം നൽകുന്നത്. സാമ്പത്തികമായി ദുരിതമനുഭവിക്കുന്ന സ്ത്രീകൾക്ക് നൽകുന്നതിനു വേണ്ടി പൊതുജനങ്ങളിൽ നിന്നും സമാഹരിക്കുന്നതാണ് ഈ ഫണ്ട്.
ഗാർഹികപീഡനം കാരണം വീട്ടിലേയ്ക്ക് തിരികെ പോകുവാൻ സാധിക്കാത്ത സ്ത്രീകളുടെ താൽക്കാലിക താമസത്തിനായി കമ്മീഷന്റെ ഒരു ഷോർട്ട് സ്റ്റേ ഹോം തിരുവനന്തപുരത്ത് പ്രവർത്തിക്കുന്നുണ്ട്. പരാതി പരിഗണയിൽ ഇരിക്കുന്ന സമയത്താണ് താൽക്കാലിക സൌകര്യം കമ്മീഷൻ നൽകുന്നത്.
ഉദ്യോഗസ്ഥരും – ഉത്തരവാദിത്വങ്ങളും
പി. ഉഷാറാണി -മെമ്പർ സെക്രട്ടറി : കമ്മീഷന്റെ ഭരണകാര്യങ്ങളുടെ ചുമതലയും വിവിധ ക്ഷേമപ്രവർത്തനങ്ങൾ നടപ്പിലാക്കുന്ന ചുമതലയും വഹിക്കുന്ന എക എക്്സ്-ഒഫിഷ്യോ അംഗമാണ് മെമ്പർ സെക്രട്ടറി.
വി.യു.കുര്യാക്കോസ് – ഡയറക്ടർ: അന്വേഷണവിഭാഗത്തിന്റെ ചുമതല വഹിക്കുന്ന എസ്.പി റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥനാണ് ഡയറക്ടർ. ഒരു നിയമസ്ഥാപനം എന്ന നിലയിൽ സ്ത്രീകളുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളിലും വനിതാ കമ്മീഷന് ഇടപെടാം. അന്യായമായ എന്ത് നടപടികളിലും അന്വേഷണം നടത്തി തീരുമാനമെടുത്തു ആ വിഷയത്തിൽ തുടർന്ന് എന്ത് നടപടി സ്വീകരിക്കണമെന്ന് സർക്കാരിനോട് നിർദ്ദേശിക്കാനും വനിതാ കമ്മീഷന് കഴിയും. ഇത്തരം വിഷയങ്ങളിൽ അന്വേഷണം നടത്തുന്നത് വനിതാ കമ്മീഷൻ ഡയറക്ടറായ ഉന്നത പോലീസ് ഉദ്യോഗസ്ഥനാണ്.
ജി.ഗിരിജ – ലോ ഓഫീസർ: കമ്മീഷന്റെ നിയമസംബന്ധിയായ കാര്യങ്ങളിൽ മേൽനോട്ടം വഹിക്കുന്നതിനുവേണ്ടി നിയമിക്കപ്പെട്ടിട്ടുള്ള ജോയിന്റ് സെക്രട്ടറി റാങ്കിലുള്ള സർക്കാർ ഉദ്യോഗസ്ഥനാണ് ലോ ഓഫീസർ. കമ്മീഷനിൽ ലഭിക്കുന്ന പരാതികളിൽ നിയമോപദേശം നൽകുന്നതും നിയമതർക്കങ്ങൾ പരിഹരിക്കുന്നതും ലോ-ഓഫീസറുടെ ചുമതലയാണ്.
ക്ഷിതി വി ദാസ് – അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ: കമ്മീഷന്റെ ഭരണപരവും ദൈനംദിന പ്രവർത്തനങ്ങളുടെയും മേൽനോട്ടം വഹിക്കുന്ന ജോയിന്റ് സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ. വിവരാവകാശനിയമം-2005 പ്രകാരം അപ്പലേറ്റ് അതോറിറ്റിയുടെ ചുമതലയും അഡ്മിനിസ്ട്രേറ്റീവ് ഓഫീസർക്കാണ്.
വിജയകുമാർ – ഫിനാൻസ് ഓഫീസർ: കമ്മീഷന്റെ സാമ്പത്തികകാര്യങ്ങളിൽ ചുമതല വഹിക്കുന്ന അണ്ടർ സെക്രട്ടറി റാങ്കിലുള്ള സർക്കാർ ഉദ്യോഗസ്ഥനാണ് ഫിനാൻസ് ഓഫീസർ.
കെ ദീപ – പബ്ലിക്ക് റിലേഷൻ ഓഫീസർ: കമ്മീഷന്റെ പൊതുജനസമ്പർക്കവിഭാഗത്തിന്റെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥനാണ് പബ്ലിക്ക് റിലേഷൻസ് ഓഫീസർ. കമ്മീഷനെ സംബന്ധിക്കുന്ന വാർത്തകൾ, പത്രക്കുറിപ്പുകൾ എന്നിവ നൽകേണ്ടത് പി.ആർ.ഒ യുടെ ചുമതലയാണ്. വിവിധ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കപ്പെടുന്ന വനിതാ സംബന്ധിയായ വാർത്തകൾ കമ്മീഷന്റെ ശ്രദ്ധയിൽപ്പെടുത്തുക എന്നുള്ളതും കമ്മീഷന്റെ ചുമതലയാണ്.
വനിതകൾ നേരിടുന്ന വിവിധ സാമൂഹ്യവും സാമ്പത്തികവുമായ വിഷയങ്ങളിൽ ശില്പശാലകൾ, സംവാദം എന്നിവ സംഘടിപ്പിക്കുക, വനിതകൾ നേരിടുന്ന വിവിധ പ്രശ്നങ്ങളെക്കുറിച്ചുള്ള വിവരസമാഹരണം നടത്തുകയും ചെയ്യുക എന്നതാണ് പ്രോജക്ട് ഓഫീസറൂടെ ചുമതല. കൂടാതെ മേൽ സൂചിപ്പിച്ച വിഷയങ്ങളിൽ ഗവേഷണം നടത്തുകയും പരിഹാരമാർഗ്ഗങ്ങൾ കണ്ടെത്തി സമർപ്പിക്കുകയും ചെയ്യുക എന്നുള്ളതും പ്രോജക്ട് ഓഫീസറൂടെ ചുമതലയാണ്. സെമിനാറുകൾ, വർക്ക്ഷോപ്പുകൾ, ബോധവൽക്കരണക്ലാസുകൾ, ഗവേഷണ പ്രവർത്തനങ്ങൾ എന്നിവയിൽ പ്രോജക്ട് ഓഫീസറെ സഹായിക്കുക എന്നുള്ളതാണ് റിസർച്ച് ഓഫീസറുടെ ചുമതല. കമ്മീഷനു ലഭിക്കുന്ന പരാതികളിൽമേൽ അന്വേഷണം പൂർത്തിയാക്കുന്നതിന് ഡയറക്ടറെ സഹായിക്കുക എന്നുള്ളതാണ് സർക്കിൾ ഇൻസ്പെക്ടറുടെ ഉത്തരവാദിത്വം.അദ്ദേഹത്തെ സഹായിക്കുന്നതിന് ഒരു വനിതാ സബ് ഇൻസ്പെക്ടറും രണ്ടു സിവിൽ പോലീസ് ഓഫീസേഴ്സും രണ്ടു വനിതാ പോലീസ് ഓഫീസേഴ്സും കമ്മീഷനിൽ സേവനമനുഷ്ഠിക്കുന്നുണ്ട്.
അദാലത്ത്
കമ്മീഷനിൽ ലഭിക്കുന്ന പരാതികൾ എത്രയും പെട്ടെന്ന് തീർപ്പ് കല്പിക്കുക എന്നതാണ് കമ്മീഷന്റെ ലക്ഷ്യം. തീർപ്പാക്കാൻ അവശേഷിക്കുന്ന കേസുകൾ റിപ്പോർട്ട് വരുത്തി പരിശോധിച്ച് ബന്ധപ്പെട്ടവരെ നേരിൽ കണ്ടതിനുശേഷം രണ്ടുഭാഗത്തും പയാനുള്ളത് വിശദമായി കേൾക്കുകയും ആവശ്യമായ കേസുകളിൽ കൗൺസലിംഗ് നടത്തുകയും ചെയ്യുന്നു. കേസുകൾ അധികമായിവരുമ്പോൾ അദാലത്തുകൾ മുഖേനയും യുക്തമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നു. ഇതിലേയ്ക്കായി കമ്മീഷൻ ജില്ലകൾതോറും അദാലത്ത് നടത്തിവരുന്നു.
കൗൺസലിംഗ്
കേസുകൾ ഒത്തുതീർപ്പാക്കുന്നതിന് ഫാമിലി കൗൺസലിംഗ് ഒരു പരിധി വരെ സഹായിക്കുന്നതിനാൽ വനിതാ കമ്മീഷൻ ആസ്ഥാനത്ത് സൗജന്യ കൗൺസലിംഗിനായുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിലേയ്ക്കായി ഒരു മുഴുവൻ സമയ കൗൺസിലറെയും രണ്ട് പാർട്ട് ടൈം കൗൺസിലർമാരുടേയും സേവനങ്ങൾ ഉപയോഗിച്ചുവരുന്നു.
ജാഗ്രതാസമിതികൾ
സ്ത്രീശാക്തീകരണത്തിന് ഊന്നൽ നൽകികൊണ്ട് നിയമ ബോധവൽക്കരണ വർക്ക്ഷോപ്പുകൾ / ശിൽപശാലകൾ കമ്മീഷൻ സംഘടിപ്പിക്കുന്നു. സ്ത്രീശക്തി എന്ന പേരിൽ ഒരു ത്രൈമാസിക കമ്മീഷൻ പ്രസിദ്ധീകരിക്കുന്നു. തദ്ദേശഭരണ സ്ഥാപനത്തിൻറെ നിയന്ത്രണത്തിലുള്ള ജാഗ്രതാസമിതികൾ കമ്മീഷനുവേണ്ടി പ്രവർത്തിക്കുന്നതായതിനാൽ ഈ സമിതിയ്ക്കുവേണ്ട പരിശീലനം കമ്മീഷൻ യഥാസമയം നല്കിവരുന്നു. സ്ത്രീകൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിൽ വിശദമായ പഠനം നടത്തി സർക്കാരിന് ശൂപാർശ നൽകുന്ന സുപ്രധാന ജോലി കമ്മീഷൻ നൽകി വരുന്നു. ഇതിലേയ്ക്കായി വർഷം തോറും ചെറുതും വലുതുമായ 10 ഗവേഷണ പഠനങ്ങൾ നടത്തുന്നു.
മീഡിയ മോണിറ്ററിംഗ്സെൽ
കേരളത്തിലെ സ്ത്രീകൾ അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങൾക്കായി പൊതുജനങ്ങൾക്കിടയിൽ ബോധവൽക്കരണം നടത്തുന്നതിൻറെ ഭാഗമായ ദ്യശ്യ ശ്രാവ്യ പ്രിൻറ് മീഡിയാവഴിയുമുള്ള പ്രവർത്തനം നടത്തുന്നു. അതോടൊപ്പം മാധ്യമങ്ങളിലെ സ്ത്രീവിരുദ്ധ നിലപാടുകൾക്കെതിരെ പ്രതികരിക്കുവാനും സ്ത്രീകളെ നിന്ദ്യമായി ചിത്രീകരിച്ചു നിയമവ്യവസ്ഥകൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന പരസ്യങ്ങൾ, പോസ്റ്ററുകൾ, സീരിയലുകൾ എന്നിവയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുവാനുള്ള തീരുമാനങ്ങൾ എടുക്കുന്നതിനായി ഒരു സെൽ രൂപീകരിച്ചിട്ടുണ്ട്.