മാവേലിക്കര : ഏറെ കോളിളക്കം സൃഷ്ടിച്ച വെണ്മണി ഇരട്ട കൊലപാതകത്തിന്റെ വിചാരണ നടപടികള്‍ പൂര്‍ത്തിയായി. 2019 നവംബര്‍ 11ന് പട്ടാപ്പകല്‍, തൊഴില്‍ തേടിയെത്തിയ രണ്ട് ബംഗ്ലാദേശികള്‍ ചേര്‍ന്ന് വൃദ്ധദമ്പതികള്‍ താമസിക്കുന്ന വീടിനുള്ളില്‍ കയറി ഇരുവരെയും ക്രൂരമായി കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങളും പണവും മോഷ്ടിച്ച സംഭവത്തില്‍ വെണ്മണി പോലീസ് സ്റ്റേഷന് രജിസ്റ്റര്‍ ചെയ്ത ക്രൈം നം.1049/2019 എന്ന കേസിലാണ് മാവേലിക്കര അഡീ. ജില്ലാ സെഷന്‍സ് കോടതി -2 ല്‍ എസ് സി നം. 499/2020 പ്രകാരം വിചാരണ നടന്നത്. ചെങ്ങന്നൂര്‍ താലൂക്കില്‍ വെണ്മണിയിലെ ആഞ്ഞിലിമൂട്ടില്‍ വീട്ടില്‍ എ പി ചെറിയാന് (76), ഭാര്യ ലില്ലിക്കുട്ടി ചെറിയാന് (68) എന്നിവരാണ് കൊല്ലപ്പെട്ടത്. 36 വയസ്സുള്ള ലബ്ലൂ ഹസ്സന്, 24 വയസ്സുള്ള ജുവല്‍ ഹസ്സന് എന്നിവരാണ് പ്രതികള്‍. കൊലപാതകത്തിനു തൊട്ടുപിന്നാലെ മോഷണ വസ്തുക്കളുമായി ട്രെയിന്‍ മാര്‍ഗം ബംഗാളിലേക്ക് കടന്നുകളയാന്‍ ശ്രമിക്കവേ പ്രതികളെ വിശാഖപട്ടണം റെയില്‍വേ സ്റ്റേഷനില്‍ വച്ച് 2019 നവംബര്‍ 13 ന് അറസ്റ്റ് ചെയ്തു.Chsc കേരളത്തില്‍ എത്തിച്ചാണ് തുടര്‍ നടപടികള്‍ പോലീസ് പൂര്ത്തീകരിച്ചത്്. ഇക്കഴിഞ്ഞ നവംബര്‍ ഒന്നിന് ആരംഭിച്ച വിചാരണ നാലു മാസത്തിലധികം നീണ്ടു. അറുപത് പ്രോസിക്യൂഷന് സാക്ഷികളെയും രണ്ട് പ്രതിഭാഗം സാക്ഷികളെയും വിസ്തരിച്ചു. പ്രദേശവാസികളായ സാക്ഷികള്‍ക്കും പോലീസ് ഉദ്യോഗസ്ഥര്‍, ഔദ്യോഗിക സാക്ഷികള്‍ എന്നിവര്‍ക്ക് പുറമേ ബംഗ്ലാദേശ്,ആസാം, ആന്ധ്ര,പുതുച്ചേരി എന്നിവിടങ്ങളില്‍നിന്നുള്ള സാക്ഷികളെയും വിസ്തരിച്ചു എന്ന പ്രത്യേകതയുണ്ട് ഈ കേസില്‍്.തെലുങ്ക് ദ്വിഭാഷിയായി കെ.ജ്യോതി, ബംഗ്ലാദേശി ദ്വിഭാഷിയായി അമീന് അലി,ഹിന്ദി ദ്വിഭാഷിയായി അഡ്വ. ഗോപാലകൃഷ്ണപിള്ള എന്നിവര്‍ ഹാജരായി . കൊലയ്ക്കുപയോഗിച്ച ആയുധങ്ങളും മോഷണ വസ്തുക്കളുമടക്കം 67 തൊണ്ടി മുതലുകളും 55 രേഖകളും പ്രോസിക്യൂഷന് ഹാജരാക്കി. പ്രതിഭാഗത്തുനിന്ന് 10 രേഖകളാണ് ഹാജരാക്കിയത്. സര്‍ക്കാരിനുവേണ്ടി അഡീ. പബ്ലിക് പ്രോസിക്യൂട്ടര്‍ എസ്സ്. സോളമന്, പ്രതികള്‍ക്ക് വേണ്ടി അഡ്വ.രാജേഷ് നെടുമ്പ്രം എന്നിവര്‍ ഹാജരായി.