വോട്ടർപട്ടിക വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയെ സമീപിച്ചു

തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടർപട്ടിക വിഷയത്തിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയെ സമീപിച്ചു. 2015ലെ പട്ടിക ഉപയോഗിക്കരുതെന്ന ഹൈക്കോടതി ഉത്തരവിനെതിരെയാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയിൽ ഹർജി നൽകിയത്. തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വതന്ത്ര ഭരണഘടനാ സ്ഥാപനമാണെന്നും വോട്ടർ പട്ടിക അടക്കമുള്ള പ്രവർത്തനങ്ങളിൽ ഇടപെടൽ അംഗീകരിക്കാനാവില്ലെന്നും സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. കമ്മീഷൻറെ അധികാരങ്ങളിൽ കോടതി ഇടപെടുന്നത് സ്വതന്ത്ര തെരഞ്ഞെടുപ്പ് നടപടികളെ പ്രതികൂലമായി ബാധിക്കുമെന്നാണ് വാദം. തദ്ദേശ തെരഞ്ഞെടുപ്പ് വൈകാൻ ഹൈക്കോടതി വിധി കാരണമാകുമെന്ന് ഹർജിയിൽ കമ്മീഷൻ പറയുന്നു. 2019ലെ വോട്ടർ പട്ടിക ഉപയോഗിച്ച് തദ്ദേശ തെരഞ്ഞെടുപ്പ് നടത്തുക പ്രായോഗികമല്ലെന്നും ബൂത്ത് അടിസ്ഥാനത്തിലുള്ള പട്ടിക വാർഡ് അടിസ്ഥാനത്തിലാക്കാൻ സാമ്പത്തിക ചെലവും സമയനഷ്ടവും ഉണ്ടാകുമെന്നും കമ്മീഷൻ നൽകിയ ഹർജിയിൽ പറയുന്നു. 2015 ലെ വോട്ടർ പട്ടിക ഉപയോഗിക്കരുതെന്ന ഹൈക്കോടതി വിധി റദ്ദാക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻറെ ആവശ്യം. കേസിൽ മുസ്ലീം ലീഗ് നേരത്തെ തടസഹർജി നൽകിയിരുന്നു. ഇരുപത്തിയയ്യായിരം അസംബ്ലി ബൂത്തുകളിൽ വാർഡ് പ്രകാരമാക്കി പുതുക്കാൻ ബുദ്ധിമുട്ടാണ്. 2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഉപയോഗിച്ച പട്ടിക കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാക്കിയത് അസംബ്ലി ബൂത്ത് തലത്തിലാണ്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പട്ടിക പുതുക്കുന്നത് വാർഡ് തലത്തിലാണ്. അസംബ്ലി ബൂത്ത് തലത്തിൽ തയ്യാറാക്കിയ പട്ടിക വാർഡ് തലത്തിലേക്ക് മാറ്റി പുതുക്കണമെങ്കിൽ സംസ്ഥാനത്തെ 25,000 അസംബ്ലി ബൂത്തുകളിലേക്ക് വീണ്ടും ഉദ്യോഗസ്ഥർ പോകേണ്ടി വരും. ഇതിന് സമയവും, പണനഷ്ടവും ഉണ്ടാകുമെന്ന് നേരത്തെ ഹൈക്കോടതിയിൽ ബോധിപ്പിച്ചിരുന്നെങ്കിലും കമ്മീഷന്റെ വാദം കോടതി തള്ളുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *