സംസ്ഥാനത്ത് 1.09 കോടി വൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിക്കും

തിരുവനന്തപുരം: കേരളത്തിന്റെ പച്ചപ്പും പരിസ്ഥിതിയും സംരക്ഷിക്കാനുള്ള പദ്ധതിയുടെ ഭാഗമായി ഈ വർഷം സംസ്ഥാനത്ത് ഒരു കോടി ഒമ്പതു ലക്ഷം (1.09 കോടി) വൃക്ഷത്തൈകൾ വെച്ചുപിടിപ്പിക്കും. ലോക പരിസ്ഥിതി ദിനമായ ജൂൺ 5-ന് 81 ലക്ഷം തൈകളാണ് നടുന്നത്. രണ്ടാംഘട്ടമായി ജൂലൈ 1 മുതൽ 7 വരെയുള്ള ദിവസങ്ങളിൽ 28 ലക്ഷം തൈകൾ കൂടി നടും. വനം വകുപ്പും കൃഷിവകുപ്പും ചേർന്നാണ് തൈകൾ തയ്യാറാക്കിയത്. തൊഴിലുറപ്പു പദ്ധതിക്ക് കീഴിൽ 12 ലക്ഷം തൈകളും ഒരുക്കിയിട്ടുണ്ട്. ജൂൺ 5-ന് വിതരണം ചെയ്യുന്ന 81 ലക്ഷം തൈകളിൽ 47 ലക്ഷം വനം വകുപ്പിന്റേതും 22 ലക്ഷം കൃഷിവകുപ്പിന്റേതും 12 ലക്ഷം തൊഴിലുറപ്പ് പദ്ധതിയുടെതുമാണ്. രണ്ടാം ഘട്ടത്തിൽ 10 ലക്ഷം തൈകൾ വനംവകുപ്പും 18 ലക്ഷം തൈകൾ കൃഷിവകുപ്പും ലഭ്യമാക്കും.
75 ശതമാനം തൈകളും സൗജന്യമായി വീടുകളിൽ എത്തിക്കും. എന്നാൽ ടിഷ്യൂകൾച്ചർ ചെയ്തതും ഗ്രാഫ്റ്റ് ചെയ്തതുമായ ഫലവൃക്ഷത്തൈകൾക്ക് വിലയുടെ 25 ശതമാനം മാത്രം ഈടാക്കും. വിതരണം ചെയ്യുന്ന തൈകളിൽ ഭൂരിഭാഗവും ഫലവൃക്ഷങ്ങളായിരിക്കും. പ്ലാവ്, മാവ്, മുരിങ്ങ, കറിവേപ്പ്, വാളൻ പുളി, കൊടംപുളി, റംബൂട്ടാൻ, കടച്ചക്ക, മാങ്കോസ്റ്റീൻ, ചാമ്പക്ക, പപ്പായ, സപ്പോട്ട, പേരയ്ക്ക, അവക്കാഡോ, ഓറഞ്ച്, നാരങ്ങ, മാതളം, പാഷൻ ഫ്രൂട്ട് മുതലായവയുടെ തൈകൾ ഇതിൽ ഉൾപ്പെടും.
മുൻവർഷങ്ങളിൽ വിദ്യാർത്ഥികൾ വഴിയാണ് തൈകൾ വിതരണം ചെയ്തിരുന്നത്. എന്നാൽ ഇത്തവണ ജൂൺ 5-ന് സ്‌കൂൾ തുറക്കുമോ എന്ന് പറയാറായിട്ടില്ല. ഈ സാഹചര്യത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ തൈകൾ വീടുകളിൽ എത്തിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവിഡ്-19 പ്രതിരോധവുമായി ബന്ധപ്പെട്ട് പ്രാദേശിക സ്ഥാപനങ്ങൾക്ക് ഇപ്പോൾ ഭാരിച്ച ചുമതലകളുണ്ട്. അതിനിടയിലാണ് ഇക്കാര്യം കൂടി അവർ ചെയ്യേണ്ടത്. എങ്കിലും അവരുടെ നല്ല ഇടപെടൽ ഇക്കാര്യത്തിലുണ്ടാകണം. ഓരോ സ്ഥലത്തെയും കൃഷി ഓഫീസർമാർ മുൻകൈടുത്ത് പ്രാദേശിക സ്ഥാപനങ്ങളുടെ സഹായത്തോടെ തൈകൾ വീടുകളിൽ എത്തിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. വനം, കൃഷി, പ്രാദേശിക സ്വയംഭരണം എന്നീ വകുപ്പുകൾ യോജിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *