സംസ്ഥാനത്ത് ഇനി സമ്പൂർണ ലോക്ക്ഡൗൺ വേണ്ടെന്ന് സർവകക്ഷി യോഗത്തിൽ ധാരണ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി സമ്പൂർണ ലോക്ക്ഡൗൺ വേണ്ടെന്നാണ് നിലവിലെ തീരുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സർവകക്ഷി യോഗത്തിലാണ് ഇക്കാര്യത്തിൽ ധാരണയായത്. കേരളത്തിൽ ഇനിയും സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിക്കരുതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സർവ്വകക്ഷി യോഗത്തിൽ ആവശ്യപ്പെട്ടു. ആവശ്യമായ സ്ഥലങ്ങളിൽ മാത്രം ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നത് കൊണ്ട് കുഴപ്പമില്ല. എന്നാൽ അവിടെ ജനങ്ങൾക്ക് അവശ്യ സാധനങ്ങളും ആഹാരവും എത്തിക്കണം.
രോഗവ്യാപനത്തിന്റെ തോത് ചൂണ്ടിക്കാട്ടി സംസ്ഥാനത്ത് വീണ്ടും സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിക്കുമെന്ന മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ട്. ജനങ്ങളുടെ സാമ്പത്തികസ്ഥിതിയും ജീവിത സാഹചര്യങ്ങളും കൂടി പരിഗണിച്ച് സമ്പൂർണ ലോക്ക്ഡൗൺ ആവശ്യമില്ലെന്നാണ് ഐ.എം.എ അടക്കമുള്ള വിദഗ്ദർ അഭിപ്രായപ്പെടുന്നതെന്നും ചെന്നിത്തല ചൂണ്ടികാട്ടി.
രോഗതീവ്ര മേഖലകളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ അടക്കമുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെങ്കിലും സമ്പൂർണ ലോക്ക്ഡൗൺ വേണ്ടെന്ന് എല്ലാ പാർട്ടികളും അഭിപ്രായപ്പെട്ടു. ഇതിനോട് യോജിക്കുന്നുവെന്ന് മുഖ്യമന്ത്രി എന്ന നിലയിലയിൽ താൻ അറിയിച്ചതായി അദ്ദേഹം വ്യക്തമാക്കി.
എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം തിങ്കളാഴ്ച നടക്കുന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിന് ശേഷം മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. സംസ്ഥാനത്ത് വീണ്ടുമൊരു സമ്പൂർണ ലോക്ക്ഡൗൺ വേണ്ട എന്ന പൊതു അഭിപ്രായമാണ് യോഗത്തിൽ ഉയർന്നു വന്നത്. സിപിഎം അടക്കമുള്ള എല്ലാ പാർട്ടികളും സമ്പൂർണ അടച്ചിടലിനോട് വിയോജിച്ചു. രോഗം തീവ്രമായ മേഖകളിൽ ലോക്ക്ഡൗൺ അടക്കമുള്ള കർശന നിയന്ത്രണങ്ങൾ വേണമെങ്കിലും മറ്റിടങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കരുതെന്നാണ് യോഗത്തിൽ അഭിപ്രായമുയർന്നത്.

Leave a Reply

Your email address will not be published. Required fields are marked *