തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2397 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 2317 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിക്കുകയായിരുന്നു. തിരുവനന്തപുരം ജില്ലയിലാണ് രോഗം ശക്തമായി പടരുന്നത്. ജില്ലയിൽ ഇന്ന് 408 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അതിൽ തന്നെ 49 പേരുടെ ഉറവിടം വ്യക്തമല്ല. മലപ്പുറം,തൃശ്ശൂർ, കൊല്ലം ജില്ലകളിൽ ഇരുനൂറിലേറെ രോഗികളാണുള്ളത്. എന്നാൽ 2225 പേരാണ് ഇന്ന് രോഗമുക്തി നേടിയത്.
കഴിഞ്ഞ 24 മണിക്കൂറിൽ ആകെ പരിശോധന 34988 ആയി. സംസ്ഥാനത്ത് ആകെ 23277 കൊവിഡ് ആക്ടീവ് കേസുകളാണ് ഉള്ളത്. ഇന്നലെ വരെ പുറത്തു നിന്നും 869655 പേർ കേരളത്തിലേക്ക് എത്തി. അതിൽ 332582 പേർ വിദേശത്ത് നിന്നും 537000 പേരിൽ 62 ശതമാനം പേരും കൊവിഡ് റെഡ് സോണ്‍ ജില്ലകളിൽ നിന്നുമാണ് എത്തിയത്. ഓണക്കാലം കൂടിയായതോടെ ആളുകളുടെ വരവ് വർധിച്ചു. സമ്പർക്കവ്യാപനം കൂടിയ സാഹചര്യമാണ് കേരളത്തിലുള്ളത്. ഏതൊരു പകർച്ച വ്യാധിയുടേയും സ്വാഭവികഘട്ടമാണിത്. പലവട്ടം പറഞ്ഞ പോലെ ഇന്ത്യയിൽ തന്നെ ഏറ്റവും ആദ്യം രോഗം റിപ്പോർട്ട് ചെയ്ത പ്രദേശവും കൊവിഡ് വ്യാപനത്തിന് അനവധി അനുകൂലഘടകങ്ങൾ നിലനിൽക്കുന്ന സംസ്ഥാനവും ആണ് കേരളം.
മറ്റു സംസ്ഥാനങ്ങളിൽ മെയ്, ജൂണ്‍ മാസങ്ങളിൽ 90 ശതമാനം കേസുകളും സമ്പർക്കം വഴിയായിരുന്നു. എന്നാൽ ഇപ്പോഴാണ് കേരളത്തിൽ ആ അവസ്ഥയുണ്ടായത്. കുത്തനെ കൂടുന്നതിന് പകരം ക്രമാനുഗതമായാണ് കേരളത്തിൽ കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നത്.നാം കാണിച്ച മുൻകരുതൽ, ജാഗ്രത അതിന്റെയെല്ലാം ഫലമാണിത്. സമ്ബർക്കം വഴി കൂടുതൽ പേരിലേക്ക് രോഗം പടരുന്ന സഹാചര്യത്തിലേക്ക് നാമെത്തി. ഇവിടെ നാം കാണിക്കുന്നത് രോഗികളുടെ എണ്ണം പെട്ടെന്ന് കൂടാതിരിക്കാനുള്ള ജാഗ്രതായണ്. രോഗികളുടെ എണ്ണം വല്ലാതെ കൂടിയാൽ മരണസംഖ്യയും വല്ലാതെ കൂടാം. നമ്മുടെ ആരോഗ്യ സംവിധാനത്തിന് കൈകാര്യം ചെയ്യാൻ പറ്റാത്ത സ്ഥിതിയുണ്ടാവും. അതുണ്ടാവാൻ പാടില്ല.