സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നു; ഇനി അതിജാഗ്രതയെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ആകെ കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നിരിക്കുന്ന സാഹചര്യത്തിൽ ഇനി അതിജാഗ്രതയാണ് വേണ്ടതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ.
പ്രതിദിന രോഗികളുടെ എണ്ണം 3,000വും കടന്നിരിക്കുകയാണ്. ഈ സാഹചര്യം ഏറെ അപകടരമായി മാറുകയാണ്. കോവിഡിനെതിരായ പ്രതിരോധം സംസ്ഥാനം ശക്തമായ നിലയിൽ കൊണ്ട് പോകുകയാണ്. ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെയുള്ള സർക്കാരിന്റെ മുഴുവൻ സംവിധാനവും കോവിഡിനെതിരായ പോരാട്ടത്തിൽ രാവും പകലുമില്ലാതെ അധ്വാനിക്കുകയാണ്.

ആകെ മരണ സംഖ്യ 410 മാത്രമെന്നതും രോഗമുക്തി കൂടുതലായതും നമ്മുടെ ആരോഗ്യ സംവിധാനത്തിന്റെ മികവാണ്. ആരോഗ്യ പ്രവർത്തകരുടെ ആത്മാർത്ഥ പ്രവർത്തനത്തിന്റെ ഫലം കൂടിയാണിതെന്നും മന്ത്രി വ്യക്തമാക്കി.ഇന്ത്യയിലാദ്യമായി കോവിഡ് റിപ്പോർട്ട് ചെയ്തത് 2020 ജനുവരി 30ന് ചൈനയിലെ വുഹാനിൽ നിന്നും വന്ന ഒരു വിദ്യാർത്ഥിയിലൂടെ കേരളത്തിലാണ്. എന്നാൽ മറ്റ് പല സംസ്ഥാനത്തും രോഗബാധ കുതിച്ചുയർന്നപ്പോഴും പിടിച്ച് നിൽക്കാൻ നമുക്കായി. എന്നാൽ ലോക് ഡൗൺ മാറി മേയ് 4ന് ചെക്ക്പോസ്റ്റുകൾ തുറന്നതോടെ മൂന്നാം ഘട്ടത്തിൽ രോഗികളുടെ എണ്ണം പതിയെ വർധിച്ചു. തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്ലസ്റ്ററുകൾ രൂപപ്പെട്ടു. ക്ലസ്റ്റർ സ്ട്രാറ്റജി ആവിഷ്‌ക്കരിച്ച് രോഗ നിയന്ത്രണത്തിന് സാധിച്ചു. അതേസമയം ഇനി വരാനിരിക്കുന്നത് പരീക്ഷണ നാളുകളാണ്. ആഗസ്റ്റ് 19നാണ് ആകെ രോഗികളുടെ എണ്ണം 50,000 ആയത്. കേവലം ഒരുമാസത്തിനുള്ളിൽ രോഗികളുടെ എണ്ണം ഒരുലക്ഷം ആയിട്ടുണ്ട്. വരും ആഴ്ചകളിൽ രോഗികളുടെ എണ്ണം കൂടുമെന്നാണ് വിദഗ്ധർ പറയുന്നത്. ആരിൽ നിന്നും കോവിഡ് പകരുന്ന അവസ്ഥയാണുള്ളത്. രോഗനിരക്ക് കൂടി ആശുപത്രിയിൽ കിടക്കാനിടമില്ലാത്ത അവസ്ഥ ഉണ്ടാക്കരുത്. അതിനാൽ ഓരോരുത്തരും ശ്രദ്ധിക്കണം. കൃത്യമായ സാമൂഹിക അകലം പാലിക്കുകയും മാസ്‌ക് ധരിക്കുകയും ഇടയ്ക്കിടയ്ക്ക് കൈകൾ സോപ്പുപയോഗിച്ച് കഴുകുകയും വേണം. എല്ലാവരും ജാഗ്രത പാലിച്ചാൽ കോവിഡിൽ നിന്നും എത്രയും വേഗം നമുക്ക് രക്ഷനേടാൻ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *