സുതാര്യവാക്ക്

എം.കെ ശശിധരൻ

സത്യത്തിന്റെ നിറം ശുഭ്രതയാണ്

കൂരിരുട്ടിലും സത്യം ഒളിചിന്നിനില്ക്കും

അനാദിമദ്ധ്യാന്തവും സങ്കല്പാതീതവുമായ 

മഹാപ്രപഞ്ചത്തിന്റെ നിലനില്പ്

ഒരേസമയം സൂക്ഷ്മവും സ്ഥൂലവുമായ

പരമാർത്ഥത്തിൽ കുടികൊള്ളുന്നു

വിപരീതശക്തികൾ ഉപരോധിച്ച് 

ക്ഷയിപ്പിക്കാൻ അധർമ്മമായി വലയം

ചെയ്യുമ്പോഴും സ്വതസിദ്ധമായ

ഗുണത്താൽ അഭംഗുരം പൂർവ്വവൽ

ആചിരന്തനമൂല്യം അതിജീവിക്കുന്നു

എന്തെന്നാൽ സത്യം

ധർമ്മവും നന്മയും ശാശ്വതവുമാണ്

ഭൂമിയിലെ ജീവജാലങ്ങൾ കാലാന്തരത്തിൽ

ഏതിൽ നിന്നുത്ഭവിച്ചോ ആ തത്വ-

ത്തിലേക്കുതന്നെ തിരിച്ചുപോയി

സമന്വയം കൊണ്ടേക്കാം, എന്നാൽ

കാര്യകാരണഭൂതമായി അവശേഷിക്കുന്നതും 

തുടരുന്നതും സത്യം മാത്രമായിരിക്കും

അതൊരിക്കലും ഇല്ലാതാവുന്നില്ല

കാലത്തിനും പ്രപഞ്ചത്തിനുമതീതമാണ്

ഋഷിമാർ മുതൽ സർവ്വദാർശനീകരും

ശാസ്ത്രജ്ഞരും തേടിയ പരംപൊരുൾ

അതിന്റെ സ്വയം വികാസത്തിലൂടെ 

പ്രകാശിച്ചുകിട്ടിയ മൂല്യങ്ങൾ

സ്വാംശീകരിക്കാൻ കഴിയുന്നതിലാണ്

ലൗകീകമായ ജീവിതത്തിന്റെ അർത്ഥം 

അതിനപ്പുറം നിശ്ശേഷസ്വാതന്ത്ര്യം

മറ്റൊന്നിൽനിന്നും ലഭിക്കില്ല.

അറിഞ്ഞവ അപൂർണ്ണമായിരിക്കാം 

പക്ഷേ പൂർണ്ണതയിലേക്കുള്ള

യഥാർത്ഥവീഥി ലളിതമാണ്‌

നാം വെടിയേണ്ടത് നമ്മുടെ 

അഹംഭാവത്തേയും സ്വാർത്ഥതയേയുമാണ്

അവസാനശ്വാസംവരെ ആ വിജയ-

ബിന്ദുവിലേക്ക് മാത്രം ഉന്മുഖമായി 

നമുക്ക് സഞ്ചരിക്കാം

നികൃഷ്ടമെന്ന മനോഭാവത്തോടെ 

അസത്യത്തെ അവഗണിക്കൂ…

Leave a Reply

Your email address will not be published. Required fields are marked *