കൊച്ചി: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്നാ സുരേഷിന്റെ വ്യാജ സർട്ടിഫിക്കറ്റ് കേസ് അന്വേഷിക്കുന്ന സംഘത്തിലെ പൊലീസുകാരന് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ കന്റോൺമെന്റ് സിഐ അടക്കം മൂന്ന് പൊലീസുകാരോട് നിരീക്ഷണത്തിൽ പോകാൻ നിർദേശം നൽകിയിട്ടുണ്ട്.
കന്റോൺമെന്റ് എസിയുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു ഐടി വകുപ്പ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സ്വപ്നാ സുരേഷിനെതിരെയുള്ള വ്യാജ സർട്ടിഫിക്കറ്റ് കേസ് അന്വേഷിക്കുന്നത്. കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിൽ മുൻപും പൊലീസുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായി നടത്തിയ ആന്റിജൻ ടെസ്റ്റിലാണ് പൊലീസ് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചത്.