തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ നടന്ന സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ ഫോണ്‍ കസ്റ്റംസ് ഇന്നലെ ചോദ്യം ചെയ്യുന്നതിന് മുമ്പായി പിടിച്ചെടുത്തു. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പ്രതികളെ ശിവശങ്കര്‍ സഹായിച്ചിട്ടുണ്ടോയെന്ന് വ്യക്തമാകുന്നതിനാണ് ഫോണ്‍ പിടിച്ചെടുത്തതും ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുന്നതും. അതിനായി സിഡാക്കിലാണ് ഫോണ്‍ ഫോറന്‍സിക് പരിശോധനക്ക് നല്‍കുക.
അതേസമയം മണിക്കുറൂകളോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷവും കസ്റ്റംസ് ഫോണ്‍ വിട്ടു നല്‍കിയിരുന്നില്ല. മറ്റ് പ്രതികളുടെ ഫോണുകള്‍ക്കൊപ്പം കസ്റ്റംസ് കമ്മീഷണറുടെ അനുമതിയോടെ ശിവശങ്കറിന്റെ ഫോണും അയക്കാനാണ് തീരുമാനം. കേസില്‍ പ്രതികളായ സരിത്ത്, സ്വപ്ന എന്നിവരുമായി ശിവശങ്കറിന് നല്ല സൗഹൃദം ഉണ്ടെന്നത് വ്യക്തമായതിനാല്‍ സ്വപ്നയുമായി അടുത്ത സൗഹൃദമുണ്ടെന്ന് ശിവശങ്കര്‍ കസ്റ്റംസിന് മൊഴിയും നല്‍കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിശദാംശങ്ങള്‍ ഫോണ്‍ പരിശോധനയിലൂടെ ലഭ്യമാവുമെന്നാണ് കസ്റ്റംസ് വിലയിരുത്തുന്നത്.