കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ ഭീകരബന്ധത്തിന് തെളിവ് എവിടെയെന്ന് എന്‍ഐഎ കോടതി. കള്ളക്കടത്തില്‍ യു.എ.പി.എ ആണോ പ്രതിവിധിയെന്നും കോടതി ചോദിച്ചു. 90 ദിവസം അന്വേഷിച്ചിട്ടും ഒന്നും കിട്ടിയില്ലേ എന്നും കോടതി എന്‍.ഐ.എയെ പരിഹസിച്ചു. അതേസമയം രാജ്യസുരക്ഷയെ ബാധിക്കുന്ന കേസാണിതെന്ന് എന്‍.ഐ.എ കോടതിയില്‍ ആവര്‍ത്തിച്ചു. കള്ളക്കടത്ത് വഴി ലഭിക്കുന്ന പണം ഏതെങ്കിലും തരത്തില്‍ ഈ പ്രതികള്‍ തീവ്രവാദത്തിന് വേണ്ടി ഉപയോഗിച്ചു എന്നതിന് തെളിവുണ്ടോയെന്നും കോടതി ചോദിച്ചു. നേരത്തെയും സ്വര്‍ണ്ണക്കടത്ത് കേസില്‍ യു.എ.പി.എ എങ്ങനെ നിലനില്‍ക്കുമെന്നും നികുതി വെട്ടിപ്പല്ലേയെന്നും സ്വപ്ന സുരേഷിന്റെ ജാമ്യ ഹരജിയില്‍ വാദം കേള്‍ക്കുന്നതിനിടെ കോടതി ചോദിച്ചിരുന്നു.
യുഎഇയുമായുള്ള ഇന്ത്യയുടെ ബന്ധം തകര്‍ക്കാന്‍ പ്രതികള്‍ ശ്രമിച്ചു, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്കി തുടങ്ങിയ അനുമാനങ്ങള്‍ക്ക് അടിസ്ഥാനമാക്കിയ തെളിവുകള്‍ എവിടെയെന്ന് കോടതി ചോദിച്ചു. വിമാനത്താവളങ്ങളില്‍ വന്‍തോതില്‍ സ്വര്‍ണക്കടത്ത് നടക്കുന്നുവെന്ന 2019 ലെ കേന്ദ്ര സാമ്പത്തിക ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട് നല്‍കിയിരുന്നതായി അന്വേഷണ സംഘം അറിയിച്ചു. രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷ തകര്‍ക്കുന്നതിനാണ് കള്ളക്കടത്ത്. ഇത്തരത്തില്‍ രാജ്യത്ത് എത്തുന്ന പണം ഭീകരവാദത്തിന് ഉപയോഗിക്കുന്നതായാണ് വിവരം. പ്രതികള്‍ സ്വാധീനം ഉള്ളവരാണ്. യുഎഇയെ എന്തിനാണ് സുരക്ഷിത കേന്ദ്രമായി പ്രതികള്‍ കാണുന്നത് എന്ന് പരിശോധിക്കേണ്ടതുണ്ട്. സാമ്ബത്തിക ലാഭം ആയിരുന്നില്ല പ്രതികളുടെ ലക്ഷ്യം. മുംബൈ സ്ഫോടനങ്ങള്‍ക്ക് ദാവൂദ് സംഘം പണം കണ്ടെത്തിയത് സ്വര്‍ണക്കടത്തിലൂടെയാണ്.
